കൊറോണ വൈറസിൻ്റെ ഭീതി കെട്ടടങ്ങുന്നതിനു മുൻപായി വീണ്ടും കേരളത്തെ പരിഭ്രാന്തിയിൽ ആഴ്ത്തിക്കൊണ്ട് നിപാ വൈറസ് കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും പടരുന്ന വാർത്തയാണ് നമ്മളിപ്പോൾ ഞെട്ടലോടെ കേട്ടുകൊണ്ടിരിക്കുന്നത്. നിപാ വൈറസ് പടരാതിരിക്കാൻ വേണ്ടി സർക്കാരും ആരോഗ്യ വകുപ്പും വിശ്രമമില്ലാതെ ഓടുകയാണ്. മാധ്യമപ്രവർത്തക കൂടിയായ എം ജംഷീന എഴുതിയ നിപാ സാക്ഷികൾ സാക്ഷ്യങ്ങൾ എന്ന പുസ്തകവും അതിൽ ശൈലജ ടീച്ചറുടെ സംയോജിതമായ ഇടപെടലും അവർ നടത്തിയ പ്രതിരോധവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയാവുകയാണ്.
അവർ അനുഭവിച്ച പ്രയാസങ്ങൾ ധീരതയോടെ നേരിട്ടതും വിവരിക്കുന്നുണ്ട്. അതിൽ ശൈലജ ടീച്ചറോട് ചോദിക്കുന്നുണ്ട് എങ്ങനെയാണ് ഇങ്ങനെ മുന്നോട്ട് ഇറങ്ങാൻ ധൈര്യം കിട്ടിയതെന്ന്. ശൈല ടീച്ചർ പറയുന്നുണ്ട് അതെനിക്ക് എൻ്റെ വീട്ടിൽ നിന്നും എൻ്റെ അമ്മയിൽ നിന്നുമാണ് ഇങ്ങനെയുള്ള പ്രതിസന്ധികളെ നേരിടാൻ ധൈര്യം ലഭിച്ചതെന്ന്. ശൈലജ ടീച്ചറുടെ ഇച്ഛാശക്തിക്ക് മാറ്റുകൂടും കാരണം ഇന്നുവരെ ലോകം കണ്ടിട്ടില്ലാത്ത ഒരു വൈറസിനെയാണ് സധൈര്യം ശൈലജ ടീച്ചറും കേരള സർക്കാരും അന്ന് നേരിട്ടത്.
എന്താണ് നിപാ വൈറസ് എന്ന് പോലും അറിയാതിരുന്ന കാലത്താണ് അതിനെക്കുറിച്ച് പലരോടും അഭിപ്രായം തേടിയും ആരോഗ്യരംഗത്തുള്ള ഉന്നതരോട് അതിനെക്കുറിച്ച് അറിയുകയും മറ്റു രാജ്യത്തുള്ളവരുടെ ഉപദേശങ്ങൾ പോലും നേടിയ ശേഷമാണ് ശൈല ടീച്ചർ അതിനെ വളരെ വിദഗ്ധമായി നേരിട്ടത്. കൂടാതെ നിപാ എന്ന ഭീകര വൈറസിൻ്റെ വ്യാപ്തി കുറയ്ക്കാനും മരണസംഖ്യ ഒതുക്കാനും ശൈലജ ടീച്ചർക്ക് സാധിച്ചു.
ഇന്ന് വീണ്ടും നിപാ വൈറസിനെ മുന്നിൽ നേരിടുമ്പോൾ ശൈലജ ടീച്ചറുടെ ഉപദേശവും അവർ സ്വീകരിച്ച വഴികളും ഇന്ന് ആരോഗ്യ രംഗത്തുള്ളവർക്കും സർക്കാരിനും ധൈര്യമായി ആവശ്യപ്പെടാമെന്നും സ്വീകരിക്കാമെന്നുമുള്ള വാർത്തയാണ് ഇപ്പോൾ പ്രസക്തമാകുന്നത്. ഇന്നതൊക്കെ നേരിടാനുള്ള സംവിധാനം നമ്മുടെ കേരളത്തിലുണ്ട്. അതുകൊണ്ട് ഈ നിപയും കേരളം അതിജീവിക്കും എന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.
നിപാ എന്ന രോഗത്തെ പ്രതിരോധിക്കുവാൻ വേണ്ടിയുള്ള പ്രോട്ടോക്കോളുകൾ ഒന്നും തന്നെ ആ സമയത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ആഫ്രിക്കയിൽ പടർന്നു പിടിച്ചിരുന്ന എബോള രോഗത്തിൻ്റെ പ്രോട്ടോകോൾ ഒക്കെ പരിശോധിച്ചു കൊണ്ടായിരുന്നു നിപാ എന്ന രോഗത്തിനുള്ള പ്രോട്ടോക്കോളുകളും സ്വീകരിച്ചത്. രോഗം ബാധിച്ചവരും മരണപ്പെട്ടവരുമായും ഉള്ള കോൺടാക്ട് ലിസ്റ്റുകൾ ഒക്കെ ഉപയോഗിച്ചു കൊണ്ടായിരുന്നു പിന്നീട് ഉള്ള സുരക്ഷാമാർഗങ്ങൾ.
നിപാ വൈറസ് ഉൽഭവിക്കുന്ന സമയത്ത് ശൈലജ ടീച്ചർ കണ്ണൂരിലെ ബർണ്ണശേരിയിലെ ഇ കെ നായനാർ സ്മാരക അക്കാദമിയുടെ ഉദ്ഘാടന വേദിയിലായിരുന്നു. സിപിഐഎം ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരിയും പല പ്രമുഖരും വേദിയിലിരിക്കുന്ന സമയത്തായിരുന്നു മന്ത്രി ടി പി രാമകൃഷ്ണൻ ശൈലജ ടീച്ചറെ ഫോണിൽ വിളിക്കുന്നത്. മന്ത്രി ടി പി രാമകൃഷ്ണൻ ശൈലജ ടീച്ചറോട് പറഞ്ഞത് പേരാമ്പ്രയിൽ അപൂർവമായ ഒരു പനി ഉണ്ടെന്നും മൂന്ന് രോഗികൾ മരണപ്പെട്ടു എന്നും. ഉടൻ ശൈലജ ടീച്ചർ ഈ കാര്യം വേദിയിലിരിക്കുന്നവരോട് പറയുകയും അവിടെനിന്നും ഇറങ്ങിപ്പോയിട്ടായിരുന്നു നിപക്കെതിരെ യുദ്ധം ചെയ്തത്.