December 20, 2024

അർജുന് നൽകിയ വാക്ക് പാലിച്ചുകൊണ്ട് എംഎൽഎ കെ ബി ഗണേഷ് കുമാർ – സ്വാന്തമായൊരു വീട് എന്ന സ്വപ്നം മാത്രമല്ല ആ വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഗണേഷ് കുമാർ എത്തിച്ചു നൽകി

ഏഴാം ക്ലാസുകാരനായ അർജുന്‌ വീട് വെച്ച് നൽകാമെന്ന വാക്ക് എംഎൽഎ കെ ബി ഗണേഷ് കുമാർ പാലിച്ചിരിക്കുന്നു.  അർജുൻ്റെ പുതിയ വീടിൻ്റെ പാലുകാച്ചലും ഗൃഹപ്രവേശവും കഴിഞ്ഞു. പുതിയ വീട്ടിലേക്ക് ആദ്യമായി വിളക്കെടുത്ത് കാലുവെച്ചത് അർജുൻ തന്നെയായിരുന്നു. ഗൃഹപ്രവേശന സമയത്ത് കെബി ഗണേഷ് കുമാറും അതുപോലെ തന്നെ അർജുൻ്റെ അയൽവാസികളും ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു.

വീട് മാത്രമല്ല അത്യാവശ്യമുള്ള എല്ലാ സാധനങ്ങളും വീട്ടിൽ ഉണ്ടായിരുന്നു. തങ്ങൾക്ക് പുതിയ വീട് ലഭിച്ചതിൽ അർജുൻ മാത്രമല്ല അർജുൻ്റെ അമ്മയായ അഞ്ജുവിനും സന്തോഷവും അത്ഭുതവും ഉണ്ട്. ഇത്ര പെട്ടന്ന് ഒരു വീട് ലഭിച്ചതിലാണ് അവർ അത്ഭുതപ്പെടുന്നത്. പത്തനാപുരം സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അർജുനെ കുറിച്ച് അവിടെയുള്ള പഞ്ചായത്ത് മെമ്പർ ആയിരുന്നു ഗണേഷ് കുമാറിനോട് പറഞ്ഞത്.

പഞ്ചായത്ത് മെമ്പറായ സുനിതാ രാജേഷ് നവധാരയുടെ കമുകുംചേരിയിലെ പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു സ്റ്റേജിൽ വച്ച് അർജുൻ്റെ കാര്യങ്ങൾ പറഞ്ഞത്. മിടുക്കനായി പഠിക്കുന്ന ഒരു കുട്ടിയുണ്ടെന്നും അവന് അമ്മ മാത്രമാണുള്ളത് എന്നും അവർക്ക് താമസിക്കാൻ വീടില്ല എന്നും പറഞ്ഞു.
അവർക്ക് സ്ഥലം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ കുടുംബപരമായി കിട്ടിയ സ്ഥലം ഉണ്ടെന്നും പറഞ്ഞു. വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഇവർക്ക് വീട് പണിയുക എന്നത് പ്രയാസമാണ് എന്നും ലൈഫ് പദ്ധതിയിൽ നിന്ന് പല കാര്യങ്ങൾ കൊണ്ടും വീട് ലഭിച്ചില്ലെന്നും പറഞ്ഞു.  

അതിനുശേഷമാണ് അർജുനെയും അമ്മയെയും കാണുവാൻ ഗണേഷ് കുമാർ പോയത്. അവർക്ക് വീട് വെച്ചുകൊടുക്കാനും എത്രയും പെട്ടെന്ന് പണിതീർത്തു കൊടുക്കും എന്നും അതുപോലെ തന്നെ അർജുൻ്റെ പഠനകാര്യങ്ങളും നോക്കാമെന്നും ഗണേഷ് കുമാർ വാക്കു നൽകുകയായിരുന്നു. അദ്ദേഹം ആ കുട്ടിയെ നെഞ്ചിൽ അടുപ്പിച്ചു പറഞ്ഞത് ഞാൻ എൻ്റെ നാലാമത്തെ മകനെപ്പോലെ നിന്നെ പഠിപ്പിക്കും എന്നാണ്. എൻ്റെ ആഗ്രഹം ഇവൻ സിവിൽ സർവീസൊക്കെ പാസായി മിടുക്കനാകണം എന്നാണെന്നും.

ഈ അമ്മയ്ക്കും മകനും ഗണേഷ് കുമാർ എംഎൽഎ നൽകിയ വാക്കുകളാണ് കുട്ടിക്ക് വേണ്ട എല്ലാ പഠനസൗകര്യവും ഒരുക്കി കൊടുക്കുമെന്നും കൂടാതെ ഒരു വീട് വെച്ചു കൊടുക്കുമെന്നതും.  പത്തനാപുരത്തെ കമുകുംചേരിക്കാരായ അഞ്ജുവിനും മകൻ അർജുനും ആണ് ഗണേഷ് കുമാർ സഹായവുമായി എത്തിയത്. വീടിന് തറക്കല്ലിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തറക്കല്ലിട്ടതിനുശേഷം വെറും അഞ്ചുമാസത്തിനുള്ളിൽ തന്നെ അർജുനും അമ്മ അഞ്ജുവിനും അവർക്കുവേണ്ടി നിർമ്മിച്ച വീടിൻ്റെ താക്കോൽ അദ്ദേഹം തന്നെ കൈമാറുകയും ചെയ്തു.

അർജുവിൻ്റെ സ്വപ്ന സാക്ഷാത്കരിക്കാൻ സാധിച്ചതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും അതിനുവേണ്ടി എല്ലാ സഹായങ്ങളും ചെയ്തവർക്ക് ഗണേഷ് കുമാർ നന്ദിയും പറഞ്ഞിട്ടുണ്ടായിരുന്നു. ഗണേഷ് കുമാറിൻ്റെ ഈ പ്രവർത്തിയെ പ്രശംസിച്ചുകൊണ്ട് പലരും മുന്നോട്ട് വരുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *